Thaksa

തക്സാ

ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

smuthuplackal@gmail.com

Special Things Used in Divine Liturgy

 

വിശ്വസിക്കുന്നത് പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുന്നത് വിശ്വസിക്കുകയും ചെയ്യുന്ന സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതപരിശീലനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് ആരാധനക്രമത്തിന്റെ ആഘോഷപൂർവകമായ അനുഷ്ഠാനം. സ്വാഭാവികമായും കുറവുകൂടാതെ വിശ്വാസം പകർന്നുകൊടുക്കാൻ തക്സാ ശരിയായി ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ അനിവാര്യമാണ്.

ആമുഖം

ദൈവാരാധനയ്ക്കു കൃത്യമായ ഒരു ക്രമമുണ്ടായിരിക്കുക എന്നത് ഏതു മതത്തെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യമാണ്. ആരാധനാരീതികളും മന്ത്രോച്ഛാരണങ്ങളും ശരിയായി അറിഞ്ഞിരിക്കേണ്ടത് അനുഷ്ഠാനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന മതപുരോഹിതന്മാരുടെ ഒരു അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്ന കാര്യമാണ്. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ദൈവാരാധന ഈശോമിശിഹാ വഴി മനുഷ്യകുലത്തിനു ലഭിച്ച രക്ഷയുടെ അനുഭവത്തിലേയ്ക്ക് അവരെ ആഴമായി നയിക്കുന്നതിനുള്ള മാർഗമാണ്. ആരാധനക്രമത്തെ രണ്ടാം വത്തിക്കാൻ കൌൺസിൽ നിർവചിക്കുന്നത് പരിശുദ്ധ റൂഹായുടെ ഐക്യത്തിൽ മിശിഹായുടെ മൌതികശരീരമെന്നനിലയിൽ ദൈവജനം പിതാവായ ദൈവത്തിനർപ്പിക്കുന്ന പരസ്യമായ ആരാധനയെന്നാണ്. അതുകൊണ്ടുതന്നെ ആരാധനക്രമം വെറും മാനുഷികമായ ഒരു അനുഷ്ഠാനമല്ല, മറിച്ച് ഒരുവിധത്തിൽ പറഞ്ഞാൽ വിശുദ്ധഗ്രന്ഥംപോലെതന്നെ പരിശുദ്ധ റൂഹായുടെ പ്രത്യേകമായ സഹായത്താൽ രൂപം കൊണ്ടതും ആദിമസഭയുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ആധികാരികതയുൾക്കൊള്ളുന്നതുമാണെന്ന് കാർഡിൽ റാറ്റ്സിംഗർ ‘ലിറ്റർജിയുടെ ചൈതന്യം’ എന്ന തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു (The Spirit of the Liturgy, page: 167). അതിനാൽ സഭയുടെ പരസ്യമായ ദൈവാരാധനയായ ആരാധനക്രമത്തിന്റെ കൃത്യവും വ്യക്തവുമായ കർമ്മാനുഷ്ഠാനങ്ങളെ ഏറെ ഭവ്യതയോടും ആദരവോടും കൂടിയാണ് സഭ എന്നും നോക്കിക്കണ്ടിട്ടുള്ളത്.

എന്താണ് തക്സാ?

timthumbസഭയുടെ ആരാധനക്രമാനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകളും കർമ്മവിധികളുമുൾക്കൊള്ളുന്ന പുസ്തകത്തിന്റെ പേരാണ് തക്സാ. ܛܲܟܣܵܐ (ഥക്സാ) എന്ന സുറിയാനി പദത്തിന്റെ അർത്ഥം ക്രമം (order) എന്നാണ്. ഈ പദം സൂചിപ്പിക്കുന്നതുപോലെ അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും കർമ്മവിധികളും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന തക്സായാണ് ദൈവാരാധന ക്രമമായും (in order)  ചിട്ടയായും നടത്താൻ സഭയെ സഹായിക്കുന്നത്. വിശുദ്ധകുർബാനക്രമം മാത്രമല്ല, സഭയുടെ സിനഡ് അംഗീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന എല്ലാ ഔദ്യോഗിക കർമ്മങ്ങളുടെ പുസ്തകങ്ങളും തക്സാ എന്നാണറിയപ്പെടുന്നത്.

ഇന്നത്തെ പ്രതിസന്ധി

സഭയുടെ ഔദ്യോഗിക തക്സായെ വെറുമൊരു മാർഗദർശക(guideline)മായിമാത്രം പരിഗണിച്ച് വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ തക്സായുടെ ക്രമത്തിൽനിന്ന് പുറത്തുകടന്ന് ചിലതെല്ലാം തങ്ങളുടെ ഭാവനകൾക്കനുസരിച്ച് കൂട്ടിച്ചേർത്തും മറ്റു പലതും വിട്ടുകളഞ്ഞും ആരാധനക്രമത്തിന്റെ വ്യത്യസ്ത ഘടകങ്ങൾ പരികർമ്മം ചെയ്യുന്ന ശൈലി സമീപകാലത്ത് കൂടിവരികയാണ്. മാത്രമല്ല, ഈ ഗുരുതരമായ തെറ്റിനെ വളരെ ലാഘവത്തോടെ നോക്കിക്കാണുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ചിലരിലെങ്കിലുമിന്നുണ്ട് എന്നത് നിർഭാഗ്യകരമാണ്. ഈയൊരു തെറ്റിന്റെ ഗൌരവത്തെക്കുറിച്ച് ബോദ്ധ്യപ്പെടണമെങ്കിൽ ‘തക്സാ’യെ അതിന്റെ പൂർണ അർത്ഥത്തിൽ  നാം മനസിലാക്കേണ്ടിയിരിക്കുന്നു. സഭയുടെ                      കുറേ പ്രാർത്ഥനകളും അനുഷ്ഠാനവിധികളും ഉൾക്കൊള്ളുന്ന വെറുമൊരു പുസ്തകമെന്ന കാഴ്ചപ്പാടിൽനിന്നുമാറി തക്സായുടെ വിവിധമാനങ്ങളെ തിരിച്ചറിയാൻ കഴിയുമ്പോഴാണ് അതിന്റെ പ്രാധാന്യത്തെക്കുറിച്ചു നമുക്കു ബോദ്ധ്യമുണ്ടാകുന്നതും അതിനോടു വിശ്വസ്തത പുലർത്തേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതും. സഭയുടെ ആരാധനക്രമത്തോട് ഒന്നും കൂട്ടിച്ചേർക്കാനോ വിട്ടുകളയാനോ മാറ്റംവരുത്താനോ ആർക്കും അധികാരമില്ല എന്ന രണ്ടാം വത്തിക്കാൻ കൌൺസിലിന്റെ നിർദേശത്തിന്റെ(SC. 22:3) പശ്ചാത്തലത്തിൽ തക്സായെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ നമുക്കു കഴിയണം.

തക്സായുടെ വിവിധ മാനങ്ങൾ

  1. തക്സാ സഭയുടെ പ്രാർത്ഥനകളുടെ ഔദ്യോഗികസ്വഭാവം നിലനിർത്തുന്നുSyro Malabar ChurchThaksa

വ്യക്തിപരമായ ഭക്താനുഷ്ഠാനങ്ങളിൽനിന്ന് ആരാധനക്രമത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഔദ്യോഗിക സ്വഭാവമാണ്. മിശിഹായുടെ പൌരോഹിത്യവൃത്തിയുടെ നിർവഹണമെന്നാണ് രണ്ടാം വത്തിക്കാൻ കൌൺസിൽ (S.C. 7) ആരാധനക്രമത്തെ വിളിക്കുന്നത്. സഭയുടെ മുഴുവൻ പ്രാർത്ഥനയാണ് ആരാധനക്രമം. അതുകൊണ്ടുതന്നെ ആരാധനക്രമം പരികർമ്മം ചെയ്യുന്നിടത്ത് സഭ മുഴുവൻ മിശിഹായോടൊപ്പം സന്നിഹിതമാണ്. സഭയുടെ ആരാധനക്രമത്തിന്റെ ഈ ഔദ്യോഗികത നിലനിർത്തണമെങ്കിൽ വിശുദ്ധരായ സഭാപിതാക്കന്മാർ പ്രാർത്ഥിച്ചും ധ്യാനിച്ചും ജീവിച്ചും രൂപംകൊടുത്ത ആരാധനക്രമാനുഷ്ഠാനങ്ങളും പ്രാർത്ഥനകളും അതിന്റെ പൂർണതയിൽത്തന്നെ പരികർമ്മം ചെയ്യപ്പെടേണ്ടതുണ്ട്. കാലോചിതമായ പരിഷ്ക്കാരങ്ങളും ശൈലികളുമൊക്കെ അവയോടു ചേർക്കുമ്പോഴും മൂലരൂപങ്ങളോട് വിശ്വസ്തത പുലർത്തണമെന്ന് സഭ ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്. സഭയുടെ ആദ്യനൂറ്റാണ്ടുകൾ മുതൽ ദൈവാരാധനയ്ക്കും മനുഷ്യവിശുദ്ധീകരണത്തിനുമായി ഉപയോഗിക്കുന്ന ആരാധനക്രമം അവികലമായി സംരക്ഷിക്കപ്പെടുന്നത് തക്സായിലൂടെയാണ്. അതുകൊണ്ട് തക്സായെ വെറുമൊരു മാർഗദർശകമായി(guideline)മാത്രം കാണുവാൻ ഇടവന്നാൽ സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളുടെ തനിമ നഷ്ടപ്പെട്ടുപോകുവാനും വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ച് ആരാധനക്രമം പരികർമ്മം ചെയ്ത് അതിന്റെ ഔദ്യോഗികത നഷ്ടപ്പെടുത്തിക്കളയാനും ഇടയാകും.

  1. തക്സാ സഭാകൂട്ടായ്മയെ വളർത്തുന്നു

മുകളിൽ സൂചിപ്പിച്ചതുപോലെ ആദ്യനൂറ്റാണ്ടുമുതൽ സഭ ദൈവാരാധനയ്ക്കുപയോഗിക്കുന്ന ആരാധനക്രമത്തിന്റെ ചിട്ടയോടുകൂടിയ അനുഷ്ഠാനം സഭാകൂട്ടായ്മയുടെ വലിയ പ്രകാശനമാണ്. കാലദേശങ്ങൾക്കനുസരിച്ചുള്ള വ്യത്യാസങ്ങൾക്കപ്പുറത്ത് ആദ്യനൂറ്റാണ്ടു മുതൽ സഭ ഉപയോഗിച്ചിരുന്ന ആരാധനക്രമത്തിലാണ് നാം പങ്കുചേരുന്നത് എന്ന അവബോധം സഭയുടെ കൂട്ടായ്മയുടെ ആഴമായ അനുഭവത്തിലേയ്ക്കു നമ്മെ നയിക്കും. കൂടാതെ, ഒരേ സഭയിൽപെട്ടവർ ലോകത്തിന്റെ ഏതു കോണിൽ വസിക്കുന്നവരാണെങ്കിലും ഒരേ തക്സായിലെ ക്രമം അനുവർത്തിക്കുമ്പോൾ അവർ     ഒരേ ചരടിൽ കോർക്കപ്പെട്ട് ദൈവത്തെ ആരാധിക്കുന്ന മുത്തുമണികളായിത്തീരുന്നു എന്ന സത്യം തക്സായുടെ പ്രാധാന്യം വിളിച്ചോതുന്നു. അതുകൊണ്ടുതന്നെ ഇന്നു സഭയിൽ നിലനില്‍ക്കുന്ന അനൈക്യത്തിനും വിഘടനചിന്തകൾക്കും പരിഹാരം അന്വേഷിക്കേണ്ടത് വട്ടമേശ സമ്മേളനങ്ങളിലോ ഒത്തുതീർപ്പുചർച്ചകളിലോ അല്ല, സഭയുടെ തക്സാ ഉപയോഗിച്ചുള്ള ഔദ്യോഗികമായ ആരാധനക്രമത്തിന്റെ അനുഷ്ഠാനത്തിലാണ്. പെസഹാരഹസ്യങ്ങളെ മതിവരുവോളം ആസ്വദിച്ചുകൊണ്ട് സ്നേഹത്തിൽ ഏകീഭവിക്കാൻ ആരാധനക്രമം വിശ്വാസികളെ ഉത്തേജിപ്പിക്കുന്നുവെന്ന് ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയിൽ സൂചിപ്പിച്ചിരിക്കുന്നു (S.C. 10).

  1. തക്സാ എളിമയും ആദരവും ആവശ്യപ്പെടുന്നു

സഭയുടെ തക്സാ ഉപയോഗിക്കുന്ന വൈദികർ വ്യത്യസ്തമായ ആശയങ്ങളുള്ളവരും വ്യത്യസ്തമായി ചിന്തിക്കുന്നവരുമൊക്കെയാണ്. എന്നാൽ ആരാധനക്രമാനുഷ്ഠാനവേദി തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങളും ആശയങ്ങളും കഴിവുകളും  പ്രകടിപ്പിക്കാനുള്ള സ്ഥലമായി വൈദികർ കാണാൻ പാടില്ല. സഭയോടുള്ള സ്നേഹത്തെയും വിശ്വസ്തതയെയുംപ്രതി സ്വന്തം താല്പര്യങ്ങളെയും ആശയങ്ങളെയും മാറ്റിവയ്ക്കാനും തക്സായോടു വിശ്വസ്തത പുലർത്താനുമുള്ള എളിമ ഓരോ വൈദികനും ഉണ്ടായിരിക്കണമെന്നത് ആരാധനക്രമത്തിന്റെ ശരിയായ ആഘോഷത്തിന് അനിവാര്യമായ ഘടകമാണ്. അതോടൊപ്പംതന്നെ തക്സായിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലികളെക്കുറിച്ചും അനുഷ്ഠാനവിധികളെക്കുറിച്ചും ഭിന്നാഭിപ്രായം ഉള്ളപോഴും അതിനോട് ആദരവ് പുലർത്താനും സഭ നിർദേശിച്ചിരിക്കുന്നതുപോലെ അതുപയോഗിക്കാനും ദൈവജനത്തിനു ആത്മീയശുശ്രൂഷ ചെയ്യാൻ സഭയിൽ പട്ടമേറ്റിരിക്കുന്ന വൈദികൻ കടപ്പെട്ടവനാണ്. തനിക്കു മനസിലാകാത്തതൊക്കെ തെറ്റാണെന്നു കരുതുന്ന ബൌദ്ധിക അഹങ്കാരം ആർക്കും ഉണ്ടാകാൻ പാടില്ല. കൂടാതെ, സഭയുടെ ചൈതന്യത്തോടുചേർന്ന് വിശുദ്ധ കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള ദൈവജനത്തിന്റെ അവകാശം കാർമ്മികന്റെ ക്രമരഹിതമായ കർമ്മാനുഷ്ഠാനം മൂലം ഹനിക്കപ്പെടാനും പാടില്ല. ആരാധനക്രമവും അതുൾക്കൊള്ളുന്ന തക്സായും തന്റെ സ്വകാര്യസ്വത്തല്ലെന്നും അതു സഭയുടേതാണെന്നും സഭയുടെ ശുശ്രൂഷയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന താൻ അതിന്റെ തനിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട കാര്യസ്ഥൻ മാത്രമാണെന്നുമുള്ള ശരിയായ ബോദ്ധ്യം ഓരോ വൈദികനും ഉണ്ടാവുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

  1. തക്സായുടെ ശരിയായ ഉപയോഗത്തിലൂടെ സഭയുടെ വിശ്വാസത്തോടുള്ള ആദരവും വിധേയത്വവും പ്രകടമാക്കപ്പെടുന്നു

Missale_Romanumസഭയുടെ വിശ്വാസം സഭ പ്രകടിപ്പിക്കുന്നതും ആഘോഷിക്കുന്നതും അവളുടെ ഔദ്യോഗിക പ്രാർത്ഥനകളാകുന്ന ആരാധനക്രമത്തിലൂടെയാണ്. അതിനാൽ തക്സായുടെ വിശ്വസ്തതാപൂർവമായ ഉപയോഗം സഭയുടെ വിശ്വാസത്തോടുള്ള ആദരവിന്‍റെയും സ്നേഹത്തിന്‍റെയും ഏറ്റവും ശ്രേഷ്ഠമായ പ്രകാശനമാണ്. വിശ്വസിക്കുന്നത് പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുന്നത് വിശ്വസിക്കുകയും ചെയ്യുന്ന സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതപരിശീലനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയാണ് ആരാധനക്രമത്തിന്റെ ആഘോഷപൂർവകമായ അനുഷ്ഠാനം. സ്വാഭാവികമായും കുറവു കൂടാതെ വിശ്വാസം പകർന്നുകൊടുക്കാൻ തക്സാ ശരിയായി ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ അനിവാര്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ഒരടിസ്ഥാനമായ വിശുദ്ധ ഗ്രന്ഥത്തിന്റെ തർജ്ജിമയുടെ ഭാഷാപരവും ഘടനാപരവുമായ ശൈലികളെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉള്ളപ്പോഴും നാമാരും അത് തിരുത്തി വായിക്കാൻ ശ്രമിക്കാറില്ല. മാത്രമല്ല പഠനങ്ങളുടെ വെളിച്ചത്തിൽ കാലാകാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ നാം അംഗീകരിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് ബൈബിളിൽ ഒന്നും കൂട്ടാനും കുറയ്ക്കാനും കഴിയില്ല എന്ന ബോദ്ധ്യവും നമുക്കുണ്ട്. എന്നാൽ സഭയുടെ വിശ്വാസത്തിന്റെ മറ്റൊരു ഭണ്ഡാരമായ ആരാധനക്രമത്തെ ഈയൊരു മനോഭാവത്തോടെ സ്വീകരിക്കാൻ നമുക്കു കഴിയുന്നില്ല എന്നതാണ് സഭയുടെ ദുരന്തം.

  1. തക്സാ ആരാധനക്രമ അച്ചടക്കത്തിന്റെ അടിസ്ഥാനം

ജീവിതത്തിന്റെ ഏതു മേഖലയിലും അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ് അച്ചടക്കബോധം. അടുക്കും ചിട്ടയും അച്ചടക്കവുമുള്ള ഒരു ജീവിതശൈലിക്കേ പക്വതയുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കഴിയു. ഈ അച്ചടക്കം ആത്മീയമേഖലയിൽ കൂടുതൽ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും വ്യക്തിപരമായ ആത്മീയജീവിതശൈലികൾ കൂടിവരികയും സഭയുടെ പ്രാർത്ഥനകൾപോലും സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിമറിക്കുകയും ചെയ്യുന്ന ഒരു പ്രതിസന്ധി വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ ഗൌരവത്തോടെ അതിനേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ ഭക്താനുഷ്ഠാനങ്ങളെല്ലാം സഭയുടെ ആരാധനക്രമത്തിന്റെ ചൈതന്യത്തോടു ചേർന്നുപോകണമെന്നുള്ള സഭയുടെ നിർദേശത്തിനു ഘടകവിരുദ്ധമായി ഭക്താനുഷ്ഠാനങ്ങളുടെ ശൈലിയിലേക്ക് സഭയുടെ പ്രാർത്ഥനകളെ തരംതാഴ്ത്തുന്ന ഒരു പ്രതിസന്ധി ഇന്നു കൂടുതലായി കണ്ടുവരുന്നുണ്ട്. ഇവിടെയാണ് ആരാധനക്രമ അച്ചടക്കത്തിന്റെ പ്രസക്തി. കൂടാതെ, പള്ളിയിലെ കർമ്മങ്ങളിലും കുടുംബക്കൂട്ടായ്മകളിലും വിശ്വാസജീവിതപരിശീലനക്ലാസുകളിലുമെല്ലാം അച്ചടക്കത്തോടെയും അനുസരണത്തോടെയുമുള്ള പങ്കാളിത്തം വിശ്വാസികളിൽനിന്ന് ആവശ്യപ്പെടുകയും അതേസമയം ആരാധനക്രമാനുഷ്ഠാനങ്ങളിൽ സഭയുടെ നിർദേശങ്ങളൊ തക്സായിലെ ക്രമമൊ ഒന്നും നോക്കാതെ തന്നിഷ്ടപ്രകാരം എല്ലാം ചെയ്യുകയും ചെയ്യുന്ന വൈദികൻ എതിർസാക്ഷ്യം നല്കുന്നവനായിത്തീരുകയാണ്. നമുക്കു ചെയ്യാൻ കഴിയാത്തത് മറ്റുള്ളവരിൽനിന്ന് ആവശ്യപ്പെടാൻ നമുക്കവകാശമുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ചടക്കത്തിന്‍റെയും അനുസരണത്തിന്റെയും നല്ല പാഠങ്ങൾ വൈദികന്റെ ആരാധനക്രമാനുഷ്ഠാനങ്ങളിൽനിന്ന് ദൈവജനം സ്വീകരിക്കട്ടെ.  തക്സായോടു വൈദികർ പുലർത്തുന്ന വിശ്വസ്തത വിശ്വാസജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽ വിശ്വസ്തതരായിരിക്കുവാൻ ദൈവജനത്തോട് ആവശ്യപ്പെടാനുള്ള ആധികാരികത അവർക്കു നല്കും.

ഉപസംഹാരം

  1. തക്സായെ പ്രാർത്ഥനകൾ അച്ചടിച്ചിരിക്കുന്ന വെറുമൊരു പുസ്തകമായി കാണാതെ മുകളിൽ സൂചിപ്പിച്ച നിരവധി പ്രധാനപ്പെട്ട മാനങ്ങൾ അതിനുണ്ട് എന്ന ബോദ്ധ്യത്തോടെ കൂടുതൽ ആദരവോടെയും ഉത്തരവാദിത്വബോധത്തോടെയും അതുപയോഗിക്കാൻ എല്ലാവർക്കും കഴിയണം. ഔദ്യോഗിക തക്സയെ മറികടന്ന് വ്യക്തിപരമോ പ്രാദേശികമോ ആയ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി തക്സാ പ്രാദേശികമായി അച്ചടിക്കുന്നതും ഉപയോഗിക്കുന്നതും സഭാകൂട്ടായ്മയുടെ ചൈതന്യത്തിനു ഘടകവിരുദ്ധമായ പ്രവൃത്തിയാണ്.
  2. സഭയുടെ പാരമ്പര്യത്തിലും ചരിത്രത്തിലും വേരൂന്നിയിരിക്കുന്ന ആരാധനക്രമത്തിൽ ചരിത്രപരമായ കാരണങ്ങൾക്കൊണ്ട് കടന്നുകൂടിയിരിക്കുന്ന അനുചിതമായ ഘടകങ്ങളെ തിരിച്ചറിയാനും തിരുത്താനും നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും തർക്കങ്ങളുമൊക്കെ ആവശ്യമാണ്. എന്നാൽ പഠനങ്ങളും അവയുടെ ഫലങ്ങളുമൊക്കെ അവതരിപ്പിക്കപ്പെടേണ്ടത് ആരാധനക്രമാനുഷ്ഠാനവേളകളിലല്ല, പഠനമുറികളിലും ചർച്ചാവേദികളിലുമാണ്. പുതിയ കണ്ടെത്തലുകളും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സഭയുടെ വിദഗ്ദ്ധ സമിതികളിൽ അവതരിപ്പിക്കുകയും ഉന്നതാധികാര സമിതികളുടെ തീരുമാനത്തിനായി കാത്തിരിക്കുകയും ആ തീരുമാനം അംഗീകരിക്കുകയും ചെയ്യാനുള്ള എളിമ ആരാധനക്രമത്തെ സ്നേഹിക്കുകയും സഭയിൽ കൂട്ടായ്മ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാകേണ്ടതാണ്. ചുരുക്കത്തിൽ ആരാധനക്രമപരികർമ്മങ്ങൾ നമ്മുടെ പഠനങ്ങളുടെ വെളിച്ചത്തിലല്ല, സഭയുടെ ഔദ്യോഗിക തക്സായിലെ ക്രമമനുസരിച്ചാണ് നടക്കേണ്ടത്. തക്സായിലെ ക്രമത്തിൽനിന്ന് മുമ്പോട്ടോ പിറകോട്ടോ പോകുന്നത് ഒരുപോലെ തിന്‍മയാണ്. പ്രധാനമായും, ആരാധനക്രമാനുഷ്ഠാനങ്ങളുടെ പേരിൽ കൂട്ടായ്മയ്ക്കും ഐക്യത്തിനും എതിർസാക്ഷ്യം നല്കിക്കൊണ്ടിരിക്കുന്ന നമ്മുടെ സഭയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് സഭയുടെ തക്സായോടു വിശ്വസ്തത പുലർത്തുന്ന ഒരു ആരാധനക്രമാനുഷ്ഠാന ശൈലി.
  3. തക്സായിൽ ഒഴിവുകളും (Dispensations)ഐശ്ചികങ്ങളും(Options) കൊടുത്തിരിക്കുന്നത് ഔദ്യോഗിക ക്രമത്തിൽനിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാനോ തിരഞ്ഞെടുക്കാനോ ഉള്ള പ്രത്യേക അനുവാദമായിട്ടാണ്. എന്നാൽ ഒഴിവുകളും ഐശ്ചികങ്ങളും നിയമമാക്കപ്പെടുന്ന ഒരു രീതി സഭയിൽ വളരുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഐശ്ചികങ്ങൾ (Options) ഉപയോഗിക്കണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ കാർമ്മികർക്ക് അനുവാദമുണ്ടെങ്കിലും അതിന്റെ ശരിയായ ചൈതന്യത്തിൽ അതുപയോഗിക്കാൻ അവർക്കു കഴിയണം. ഓരോ കാർമ്മികനും അവ സ്വയം തീരുമാനിച്ച് ഇടവകകളിലും രൂപതകളിലും ആരാധനക്രമാനുഷ്ഠാനങ്ങളിൽ ക്രമരഹിതമായ അവസ്ഥയുണ്ടാക്കുന്നത് ഏതായാലും എല്ലാം ക്രമമായി നടക്കണമെന്നുള്ള തക്സായുടെ ചൈതന്യത്തിനു വിരുദ്ധമാണെന്നു നമുക്കറിയാം. അതിനാൽ ആവശ്യമെങ്കിൽ ഓരോ രൂപതയിലും രൂപതാദ്ധ്യക്ഷൻ അതു നിശ്ചയിക്കുകയും ഐശ്ചികങ്ങൾ ആഗ്രഹിക്കുന്ന കാർമ്മികർ അതുൾക്കൊണ്ട് ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ചൈതന്യത്തിൽ തിരുക്കർമ്മങ്ങൾ ആഘോഷിക്കുകയും ചെയ്യുകയാണ് ശരിയായ ശൈലി.
Pin It

Comments are closed.