Rites

ഒന്നിലധികം റീത്തുകൾ ആവശ്യമോ?

ഫാ. ജോസഫ് പാറയ്ക്കൽ

parackalwilson@gmail.com

tlm
Malabar2qurbana

 

സാധാരണക്കാർ ചോദിക്കുകയും അസാധാരണക്കാർ വാദിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് സഭയിൽ പല റീത്തുകൾ ആവശ്യമോ എന്നത്. പ്രത്യേകിച്ചും കേരളത്തിലെ കത്തോലിക്കാസഭയിൽ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര എന്നീ മൂന്നു റീത്തുകൾ ഉണ്ടെന്ന പ്രസ്താവന കേൾക്കുമ്പോൾത്തന്നെ എന്തിനാണ് പല റീത്തുകൾ, ഒരു റീത്തു പോരേ, എല്ലാവരും കത്തോലിക്കരല്ലേ, കത്തോലിക്കർക്കിടയിൽ തിരിച്ചുവ്യത്യാസം വേണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുകയായി. ഇവിടെ ആദ്യമേതന്നെ എന്താണ് റീത്ത് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

പൌരസ്ത്യ സഭാനിയമത്തിൽ (കാനോന 28) റീത്തിനെ വിശദീകരിക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്. ജനപദങ്ങളുടെ ചരിത്രം, സംസ്ക്കാരം, ഇതരപരിതസ്ഥിതികൾ എന്നിവയാൽ രൂപംകൊണ്ടതും അതാതു സഭകളുടെ വിശ്വാസജീവിതശൈലിയിൽനിന്നും മനസിലാക്കാൻ കഴിയുന്നതുമായ ആരാധനാ, ദൈവശാസ്ത്ര, ആദ്ധ്യാത്മിക, ശിക്ഷണ പൈതൃകമാണ് റീത്ത്.

ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധേയമത്രെ.

  1. റീത്ത് ഒരു പൈതൃകമാണ്. പിതാക്കന്മാരിൽനിന്നും അവകാശമായി കൈമാറിക്കിട്ടിയതാണ്. പെട്ടെന്നൊരുദിവസം ആർക്കോ ഉണ്ടായ തോന്നലിന്റെ ഫലമായല്ല റീത്തുകൾ രൂപംകൊണ്ടത്. തലമുറ തലമുറയായി ശ്രദ്ധയോടെ കൈമാറുന്ന വിശ്വാസപൈതൃകമാണ് റീത്ത്.
  2. ഒരു പ്രത്യേക ജനപദം ക്രൈസ്തവവിശ്വാസം ജീവിക്കുന്ന ശൈലിയാണ് റീത്ത്. പ്രധാനമായി നാലു മേഖലകളിലാണ് ഈ ജീവിതരീതിയുടെ പ്രത്യേകതകൾ ദർശിക്കാവുന്നത്.

– ആരാധന

– ദൈവശാസ്ത്രം

– ആത്മീയത

– ശിക്ഷണം

അതായത് പ്രധാനമായും ഈ നാലുകാര്യങ്ങളിലാണ് ഒരു റീത്ത് മറ്റൊരു റീത്തിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്. ചിലർ കരുതുന്നതുപോലെ വിശ്വാസത്തിന്റെ കാര്യത്തിലോ വിശുദ്ധ ഗ്രന്ഥത്തിന്റെ കാര്യത്തിലോ അല്ല.

  1. മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ടതാണ്. വിവിധ റീത്തുകൾ രൂപപ്പെട്ടതിനു കാരണം, ഓരോ ജനതയുടെയും ചരിത്രം, സംസ്ക്കാരം, ഇതര സാഹചര്യങ്ങൾ (Circumstances) എന്നിവ വ്യത്യസ്തമായതാണ്. ലോകക്രൈസ്തവജനത മുഴുവൻ ഒരു ചെറിയ പ്രദേശത്താണ് വസിക്കുന്നതെന്നും അവർക്ക് ഒരേയൊരു ഭാഷയും ഒരേയൊരു സംസ്ക്കാരവും മാത്രമാണുള്ളതെന്നും സങ്കല്പ്പിക്കുക. അവരുടെ ജീവിതത്തെ സാരമായി മാറ്റിമറിക്കത്തക്കതൊന്നും ചരിത്രത്തിൽ സംഭവിച്ചിട്ടില്ലെന്നും കരുതുക. പന്ത്രണ്ട് ശ്ലീഹന്മാർക്കു പകരം ഒരേയൊരു ശ്ലീഹായേ ഉള്ളുവെന്നും സങ്കല്പ്പിക്കുക. അങ്ങനെയെങ്കിൽ ഒരുപക്ഷേ ലോകത്തിൽ ഒരു റീത്തുമാത്രമേ ഉണ്ടാകുമായിരുന്നുള്ളു.

എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ലെന്ന് നമുക്കറിയാം. ലോകത്തിൽ വ്യത്യസ്തമായ നിരവധി സ്ഥലങ്ങളും സംസ്ക്കാരങ്ങളും നൂറുകണക്കിന് ഭാഷകളുമുണ്ട് (ഉൽപത്തി: 11,9). അവരെല്ലാം സുവിശേഷം ശ്രവിച്ചത് അവരവരുടെ ഭാഷയിലാണ് (അപ്പ. പ്രവ. 5, 11). അവരവരുടെ സംസ്ക്കാരത്തിന്റെ മണ്ണിലാണ് സുവിശേഷം മുളച്ചുപൊന്തിയത്. അതേ സംസ്ക്കാരത്തിൽ അവർ സുവിശേഷം ജീവിച്ചു. അതു വ്യത്യസ്ത റീത്തുകളായി വികസിച്ചു. ഇതൊരു സ്വാഭാവിക പ്രവർത്തനമാണല്ലോ. ഒരേ തോട്ടത്തിൽ ഒരേതരം വെള്ളവും വളവും സ്വീകരിച്ചു വളരുന്ന അൻപതു റബർമരങ്ങൾതമ്മിൽ സർവഥാ സാമ്യമുണ്ടെങ്കിലും അൻപതും വ്യത്യസ്തമായിരിക്കുമല്ലോ. ഒരു വീട്ടിൽ ഒരേ അപ്പനമ്മമാരിൽനിന്നു ജനിച്ച് ഒരേ ഭക്ഷണം കഴിച്ചു ജീവിക്കുന്ന അഞ്ചുമക്കൾ എങ്ങനെ അഞ്ചു തരക്കാരായിത്തീരുന്നു എന്നതും ചിന്തനീയമാണ്.

യഥാർത്ഥത്തിൽ ഈ വൈവിദ്ധ്യം ദൈവത്തിന്റെ വൈഭവത്തെ വെളിപ്പെടുത്തുന്നു. അവിടുത്തേയ്ക്ക് സൌന്ദര്യം ഒരു വിധത്തിൽമാത്രമല്ല സൃഷ്ടിക്കാൻ കഴിയുന്നത്, ഒരായിരം വിധത്തിലുമല്ല. നാം പ്രകൃതിയിൽ കാണുന്നതുപോലെ സൌന്ദര്യത്തിന്റെ എണ്ണിത്തീർക്കാനാവാത്ത മാതൃകകളെ സൃഷ്ടിക്കാൻ ദൈവത്തിനു കഴിയും. ഈ വൈവിദ്ധ്യമാണ് ജീവിതത്തെ രസകരമാക്കുന്നത്. ഒരു വീട്ടിൽ പത്തു പേരുണ്ടെന്നിരിക്കട്ടെ. എല്ലാവരുടെയും മുഖം തിരിച്ചറിയാനാവാത്തവിധം ഒരുപോലെയാണെങ്കിൽ ആ വീട്ടിലെ ജീവിതം വിരസമെന്നു മാത്രമല്ല, ദുസഹവുമായിരിക്കും. റീത്തുകളുടെ വൈവിധ്യം കത്തോലിക്കാസഭയെ കൂടുതൽ മനോഹരമാക്കുന്നു.

സഭ ഔദ്യോഗികമായി ഇക്കാര്യത്തെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു എന്നുകൂടി കാണുന്നത് ഉചിതമായിരിക്കും. രണ്ടാം വത്തിക്കാൻ കൌൺസിലിന്റെ പൌരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയിൽ താഴെചേർക്കുന്നവ നമുക്കു വായിച്ചെടുക്കാം.

  1. പൌരസ്ത്യസഭകളുടെ ആരാധനക്രമങ്ങൾ, ക്രൈസ്തവജീവിതരീതി തുടങ്ങിയവ വലിയ മതിപ്പോടെയാണ് സഭ നോക്കിക്കാണുന്നത്.
  2. റീത്തുകളുടെ വൈവിധ്യം സഭയുടെ ഐക്യത്തെ ഇല്ലാതാക്കുകയല്ല, പ്രത്യുത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
  3. ഓരോ റീത്തിന്റെയും പാരമ്പര്യങ്ങളെ കുറവുകൂടാതെയും പൂർണമായും സംരക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം.
  4. റീത്തുകൾ വ്യത്യസ്തമാണെന്നതിന്റെ പേരിൽ ഒരു സഭയും മറ്റൊന്നിന്റെ പിന്നില്ല, എല്ലാ സഭകൾക്കും ഒരേ അവകാശങ്ങളും ഒരേ ഉത്തരവാദിത്വങ്ങളുമാണുള്ളത്.
  5. റീത്തുകളെക്കുറിച്ച് വൈദികവിദ്യാർത്ഥികൾക്കും വൈദികർക്കും അല്മായർക്കും ജ്ഞാനം നല്കണം.
  6. എല്ലാ കത്തോലിക്കരും തങ്ങളുടെ റീത്തുതന്നെ തുടരേണ്ടതാണ്. ലോകത്ത് എവിടെയായിരുന്നാലും അവർ തങ്ങളുടെ റീത്തിൽത്തന്നെ ഉറച്ചു നില്ക്കണം. അവർ അതിനെ വിലമതിക്കുകയും അനുസരിക്കുകയും വേണം.
  7. നിയമാനുസൃതമായ ആരാധനക്രമങ്ങൾ സംരക്ഷിക്കാവുന്നതാണെന്നു മാത്രമല്ല, സംരക്ഷിക്കപ്പെടേണ്ടതുമാണ്.

ഇനിയുമേറെയുണ്ടെങ്കിലും റീത്തുകളുടെ കാര്യത്തിൽ കത്തോലിക്കാസഭയുടെ മനസു വ്യക്തമാകാൻ ഇത്രയും മതിയാകും.

പൌരസ്ത്യസഭാ നിയമം 27 മുതൽ 41 വരെയുള്ള നിയമങ്ങൾ റീത്തുകളുടെ ഉത്ഭവം, പ്രാധാന്യം, സംരക്ഷണം എന്നിവയെ സംബന്ധിച്ചാണ്. ഒരാൾ മാമ്മോദീസാ സ്വീകരിക്കുന്നതോടെ കൈവരുന്ന റീത്ത് മാറാൻ ആരും പ്രേരിപ്പിക്കാൻ പാടില്ലെന്നും റോമാസിംഹാസനത്തിന്റെ വ്യക്തമായ അനുവാദമില്ലാതെ ആർക്കും റീത്ത് മാറാനാവില്ലെന്നും ഇവിടെ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. പൌരസ്ത്യറീത്തുകളിൽ പെട്ടവർ ഏതെങ്കിലും സാഹചര്യത്തിൽ ലത്തീൻ അധികാരികളാൽ നയിക്കപ്പെടുന്ന അവസരത്തിലും അവർ തങ്ങളുടെതന്നെ റീത്ത് തുടരേണ്ടതാണ്. ഓരോരുത്തരും തങ്ങളുടെ റീത്തിനെ മനസിലാക്കാൻ നിരന്തരം ശ്രമിക്കണമെന്നും അതിനെ വിലമതിക്കാൻ അനുദിനം പരിശീലിക്കണമെന്നും സഭാനിയമത്തിൽ കാണുന്നു. റീത്തുകളെല്ലാം സംരക്ഷിക്കപ്പെടണമെന്നും പോഷിപ്പിക്കപ്പെടണമെന്നുംകൂടി ഇവിടെ നാം വായിക്കുന്നു. കാരണം ഓരോ റീത്തും അതാതു പ്രത്യേക സഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും മുദ്ര വഹിക്കുന്നു. ബനടിക്റ്റ് പതിനാറാമൻ പാപ്പാ എഴുതിയത് ഓരോ റീത്തിലും ഓരോ അപ്പസ്തോലിക പാരമ്പര്യത്തിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നുവെന്നാണ് (The Spirit of the Liturgy – p. 164).

മക്കൾ എത്ര മുതിർന്നാലും എവിടെയെല്ലാം മാറിത്താമസിച്ചാലും എന്തെല്ലാം ജോലികൾ ചെയ്താലും ജന്മനാ അന്തർലീനമായിരിക്കുന്ന അപ്പന്‍റെയും അമ്മയുടെയും അംശങ്ങൾ കുടഞ്ഞുകളയാനാവില്ല. അതുപോലെതന്നെ മാമ്മോദീസാവഴി ഒരു പ്രത്യേക സഭയിൽ ജന്മംകൊള്ളുന്ന വ്യക്തിക്ക് ആ സഭയുടെയോ റീത്തിന്റെയോ മുദ്രകൾ ഉപേക്ഷിക്കുക എളുപ്പമല്ല. ഓരോരുത്തരും അവരവരുടെ റീത്തിനെ സ്നേഹിക്കുകയും അപരന്റെ റീത്തിനെ ആദരിക്കുകയും ചെയ്യുന്നതാണ് ഉചിതമായ ശൈലി.

Pin It

Comments are closed.