Prayer Requests in the Holy Qurbana

പ്രാർത്ഥനാഭ്യർത്ഥന

ഫാ. കുര്യാക്കോസ് മൂഞ്ഞേലി എം. സി. ബി. എസ്.

പ്രണാമജപ വൃത്തങ്ങളിലെ നാലു പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് പ്രാർത്ഥനാഭ്യർത്ഥന. വി. കുർബാന വിശുദ്ധിയോടുകൂടി അർപ്പിക്കുവാൻ താൻ യോഗ്യനായി ഭവിക്കുന്നതിന് ആവശ്യമായ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കണമെന്ന കാർമ്മികന്റെ അഭ്യർത്ഥനയും അതിനുള്ള പ്രത്യുത്തരവുമാണ് നാമിതിൽ കാണുക. ഇവിടെ സമൂഹം കാർമ്മികനുവേണ്ടിയും പ്രാർത്ഥിക്കുന്നു. കാർമ്മികനും സമൂഹവും തമ്മിലുള്ള ഗാഢബന്ധത്തെയും ഇതു സൂചിപ്പിക്കുന്നുണ്ട്. പ്രണാമജപവൃത്തങ്ങൾ നാലെണ്ണമുള്ളതിനാൽ ന്യായമായും നാല് പ്രാർത്ഥനാഭ്യർത്ഥനകൾ കാണേണ്ടതാണ്. എന്നാൽ രണ്ടാം പ്രണാമജപവൃത്തത്തിൽ പ്രാർത്ഥനാഭ്യർത്ഥനയില്ല. ഭാഷണകാനോന ഉള്ളതുകൊണ്ടാണ് ഈ ഭാഗത്ത് ഇത് ഉപേക്ഷിക്കപ്പെട്ടതെന്ന് ആരാധനക്രമപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കൂശാപ്പയ്ക്കുശേഷമാണ് പ്രാർത്ഥനാഭ്യർത്ഥന. എന്നാൽ ഒന്നാം ഗ്ഹാന്തവൃത്തത്തിൽ കൂശാപ്പയ്ക്കു മുമ്പാണിത്. അനാഫൊറ മുഴുവനും യോഗ്യതയോടെ പരികർമ്മം ചെയ്യാനുള്ള അനുഗ്രഹം യാചിക്കുന്നതിനാലാണ് ഇപ്രകാരം ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനവിവരണം ഉൾക്കൊള്ളുന്ന മൂന്നാം പ്രണാമജപത്തിന്റെയും റൂഹാക്ഷണത്തോടുകൂടിയ നാലാം പ്രണാമജപത്തിന്റെയും മുമ്പിൽ പ്രാർത്ഥനാഭ്യർത്ഥന നടത്തുന്നത് തുടർന്നുവരുന്ന ഭാഗങ്ങളുടെ പ്രാധാന്യവും അവയിൽ ബോധപൂർവം സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയും കാർമ്മികനെയും ദൈവജനത്തെയും ഓർമ്മപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ ഇവ വിട്ടുകളയാമോ?   ദൈവത്തിന്റെ അനുഗ്രഹവും വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനയും പുരോഹിതന്റെ ബലി (കുർബാനയും ജീവിതബലിയും) പൂർത്തിയാക്കുവാൻ ആവശ്യമാണെന്ന ബോദ്ധ്യമാണ് പ്രാർത്ഥനാഭ്യർത്ഥനയിൽ നാം കാണുക. സമയലാഭത്തിനുവേണ്ടി സെമിനാരികളിൽപോലും ഇവ ഉപേക്ഷിക്കുമ്പോൾ ഇതിലും ഗൌരവമായ പ്രാർത്ഥനകൾ ഭാവിവൈദികർ ഉപേക്ഷിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല.

ഈ പ്രാർത്ഥനാഭ്യർത്ഥനയുടെ സമയത്ത് വലിയൊരു ‘കൺഫ്യൂഷൻ’ ഉണ്ടാകാറുണ്ട്. ഒന്നിൽകൂടുതൽ പുരോഹിതർ ബലിയിൽ സംബന്ധിക്കുന്ന സമൂഹബലിയിലും വൈദികർ മാത്രം ബലിയർപ്പിക്കുമ്പോഴും ഈ കൺഫ്യൂഷൻ നിരീക്ഷിച്ചിട്ടുണ്ട്. ചിലപ്പോൾ കാർമ്മികൻ ‘ഞങ്ങളുടെ കരങ്ങൾവഴി പൂർത്തിയാകുവാൻ നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ’ എന്നും ‘നമ്മുടെ കരങ്ങൾവഴി പൂർത്തിയാകുവാൻ നമുക്കു പ്രാർത്ഥിക്കാം’  എന്നും ചൊല്ലുന്നത് കേൾക്കാറുണ്ട്. അപ്പോൾ എന്തു മറുപടി ചൊല്ലും?  സമൂഹത്തിലെ കൂറേപ്പേർ ‘അങ്ങേയ്ക്കുവേണ്ടിയും ഞങ്ങൾക്കുവേണ്ടിയും’  എന്നും ‘നിങ്ങൾക്കുവേണ്ടിയും ഞങ്ങൾക്കുവേണ്ടിയും’  എന്നും ‘നമുക്കുവേണ്ടി പ്രാർത്ഥിക്കാം’  എന്നും പറയുമ്പോൾ ഓരോരുത്തരും അവനവനു തോന്നിയതുപോലെ പ്രാർത്ഥിക്കുന്നയിടമായി വി.കുർബാന മാറുന്നു.

ഈ കൺഫ്യൂഷനു കാരണം സമൂഹബലിയെക്കുറിച്ചുള്ള വിവിധ ധാരണകളാണ്. രണ്ടാം വത്തിക്കാൻ കൌൺസിലിനുശേഷം ലത്തീൻസഭയിൽ പുനരുദ്ധരിക്കപ്പെട്ട ഒന്നാണ് സഹകാർമ്മിക കുർബാന അല്ലെങ്കിൽ സമൂഹബലി. പുരാതനകാലം മുതൽ സഭയിൽ നിലനിന്നിരുന്നതും പൌരസ്ത്യസഭകൾ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതുമായ ഒന്നാണിത്.  എന്നാൽ ലത്തീൻ സഭയിൽ ഇത് നഷ്ടപ്പെട്ടുപോയി. പൌരസ്ത്യസുറിയാനി ആരാധനക്രമകുടുംബത്തിൽപ്പെട്ട സീറോ മലബാർ സഭയിലും സമൂഹബലിയർപ്പണം നിലനിന്നിരുന്നു. വർത്തമാനപുസ്തക രചയിതാവ് എഴുതുന്നു: “…ഈ ഉപകാരങ്ങളെല്ലാം ചെയ്തുതന്ന കുടുംബത്തിന്റെ തലവനായ അന്തരിച്ചുപോയ കപ്പിത്താനുവേണ്ടി ഒരു റാസ ചൊല്ലണമെന്നു നിശ്ചയിച്ചു. അതിനാവശ്യമുള്ള നാലുവൈദികർ ഞങ്ങളുടെ സംഘത്തിലുണ്ടല്ലൊ. ചാക്കോ കത്തനാർ ഈ ആഗ്രഹം കപ്പിത്താന്റെ പത്നിയെയും മത്തായിയെയും അറിയിച്ചപ്പോൾ അവർക്കെല്ലാം വളരെ സന്തോഷമായി. വേണ്ട സജ്ജീകരണങ്ങളെല്ലാം ചെയ്തശേഷം ചാക്കോ കത്തനാരുടെ പ്രധാനകാർമ്മികത്വത്തിൽ റാസയാരംഭിച്ചു. ആ നാട്ടിലാരും സുറിയാനിക്രമത്തിലുള്ള ഇത്തരമൊരു സമൂഹബലി കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ പാതിരിമാരും കപ്പിത്താന്റെ ഭാര്യയും കുടുംബാംഗങ്ങളും മറ്റു പലരും പള്ളിയിലെത്തി വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി റാസ കാണുകയുണ്ടായി”. (വർത്തമാനപ്പുസ്തകം, D.C. Edition P. 86) ഇത് ഇന്ത്യയിൽവച്ച് അവർക്കുണ്ടായ അനുഭവമാണ്. പിന്നീട് തെക്കേ അമേരിക്കയിലെ ‘ബയ്യാ’  (ബ്രസീൽ) പട്ടണത്തിൽ ചെന്നപ്പോഴും ഇതുപോലൊരു അനുഭവമുണ്ടായി. അദ്ദേഹം തുടരുന്നു: “പിറ്റേദിവസം ‘ ഞങ്ങൾ’ പള്ളിയിൽ ചെന്ന് കുർബാനചൊല്ലി. തങ്ങൾ ഒരുനാളും കണ്ടിട്ടില്ലാത്ത സുറിയാനി കുർബാന കണ്ടപ്പോൾ ആ ദിക്കിലുള്ള ജനങ്ങൾക്കു എന്തെന്നില്ലാത്ത ആശ്ചര്യമുണ്ടായി” (വർത്തമാനപ്പുസ്തകം OIRSI Edition P. 120).

ഒരേ അൾത്താരയിൽ വൈദികഗണത്തിന്റെ കൂട്ടായ്മയും മെത്രാനുമായുള്ള ബന്ധവും സ്പഷ്ടമാക്കുന്ന വിധത്തിൽ ഒന്നിൽകൂടുതൽ വൈദികർ   ഒരുമിച്ച് അർപ്പിക്കുന്ന കുർബാനയാണ് സമൂഹബലി. മെത്രാനും വൈദികരും മിശിഹായുടെ ഏകശരീരത്തിന്റെ അംഗങ്ങളാണെന്ന് ഇതു വ്യക്തമാക്കുന്നു. പൌരോഹിത്യത്തിന്റെ ഐക്യം ഉചിതമായ വിധത്തിൽ ഇത് വെളിപ്പെടുത്തുന്നു. (ആരാധനക്രമം, ന. 57) രഹസ്യകുർബാന ഒഴിവാക്കാനും ഈ രീതി സഹായിക്കുന്നു.

ആരാധനക്രമാനുഷ്ഠാനങ്ങൾ അടുക്കും ചിട്ടയുമുള്ള ക്രമീകൃതമായ ആഘോഷങ്ങളാണല്ലോ. അതുകൊണ്ട് സമൂഹബലിയിൽ അതാത് റീത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പുരോഹിതർ വർത്തിക്കേണ്ടത്. ഉദാഹരണത്തിന് റഷ്യൻ, യുക്രേനിയൻ, മാറോനീത്താ റീത്തുകളിൽ എല്ലാ പ്രാർത്ഥനകളും മുഖ്യകാർമ്മികൻ മാത്രം ചൊല്ലുന്നു. എത്യോപ്യൻ റീത്തിൽ എല്ലാ വൈദികരും കൂടി എല്ലാ പ്രാർത്ഥനകളും ഒരുമിച്ച് ചൊല്ലുന്നു. എന്നാൽ സീറോ മലബാർ സഭയിലാകട്ടെ അനാഫൊറ മുഴുവൻ പ്രധാന കാർമ്മികൻ തന്നെയാണ് ചൊല്ലേണ്ടത് (സമൂഹബലിക്കുള്ള നിർദ്ദേശങ്ങൾ ന. 2.).

ഇനി, “എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നുള്ളത് ‘ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ’, ‘നമുക്കു പ്രാർത്ഥിക്കാം’ എന്നൊക്കെ മാറ്റണമോ?

മാറ്റേണ്ട കാര്യമില്ല എന്നാണ് തക്സയിലെ പ്രാർത്ഥനകളുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലത്തിൽ മനസിലാകുന്നത്. ഒന്നാമതായി സീറോ മലബാർ സഭയുടെ കുർബാനക്രമത്തിന്റെ ആധികാരിക ടെക്സ്ററ് (Text)  റാസക്രമത്തിന്റെതാണ്. റാസയിൽ എപ്പോഴും രണ്ടു വൈദികരെങ്കിലും ഉണ്ടായിരിക്കണം: കാർമ്മികനും ആർച്ചുഡീക്കനും. ആ ആധികാരിക ടെക്സ്റ്റിലും ഈ പ്രാർത്ഥനാഭ്യർത്ഥന ഏകവചനത്തിലാണ്;  പ്രത്യുത്തരവും.

രണ്ടാമതായി പൌരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ വ്യാഖ്യാതാക്കളായ നർസായിയുടെയും ഗബ്രിയേൽ ഖത്രായയുടെയും വ്യാഖ്യാന പ്രകാരം ‘ബലിയർപ്പിക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന വൈദികൻ കർത്താവിന്റെ പ്രതിരൂപമാണ്’. പുതിയനിയമത്തിൽ ഒരു പുരോഹിതനേയുള്ളു. അതു മിശിഹായാണ്. ഈശോയാണ് പരമപിതാവിന് നിരന്തരമായി ബലിയർപ്പിച്ചുകൊണ്ടിരിക്കുന്ന നിത്യപുരോഹിതൻ. ആ നിത്യപുരോഹിതനെ ഭൂമിയിലുള്ള ഈ ആരാധനാസമൂഹത്തിൽ പ്രതിനിധീകരിക്കുന്നത് കാർമ്മികനാണ്. ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു മാമ്മോദീസ എന്ന പൌലോസ് ശ്ലീഹായുടെ വാക്കുകളെ അനുകരിച്ച് സഭയിൽ ഉണ്ടായിരുന്ന ഒരു വാക്യമാണ്, ‘ഒരു ജനം, ഒരു അൾത്താര, ഒരു പുരോഹിനൻ, ഒരു ബലിയർപ്പണം എന്നത്. (ഒരു ആരാധനാസമൂഹമായി രൂപീകരിക്കപ്പെട്ടിരിക്കുന്ന സെമിനാരി സമൂഹത്തെയുംമറ്റും ബാച്ചുകളും ഗ്രൂപ്പുകളുമായി തിരിച്ച് എല്ലാ ആരാധനാക്രമ നിബന്ധനകളും ലംഘിച്ച് വി. കുർബാനയർപ്പിക്കുന്ന രീതി പൌരസ്ത്യ വൈദിക പരിശീലനവേദികളിൽ കത്തോലിക്കാസഭയിൽ മാത്രമെ കാണാൻ കഴിയു). മിശിഹായാകുന്ന നിത്യപുരോഹിതനെ ഈ ഭൂമിയിൽ ഈ ബലിയർപ്പണസമയത്ത് പ്രതിനിധീകരിക്കുന്ന കാർമ്മികനാണ് ബലി യോഗ്യതയോടെ അർപ്പിക്കുവാൻ ദൈവത്തിന്റെ അനുഗ്രഹവും ദൈവജനത്തിന്റെ പ്രാർത്ഥനയും യാചിക്കുന്നത്. ഈ കാർമ്മികനാണ് മദ്ബഹാ പ്രവേശന പ്രാർത്ഥന (“പിതാവും പുത്രനും പരിശുദ്ധാത്മാവുമായ..” ) ചൊല്ലി മൂന്നു പ്രാവശ്യം കുമ്പിട്ട് ബലിപീഠത്തെ സമീപിച്ച് മദ്ധ്യത്തിലും ഇടത്തും വലത്തും ചുംബിക്കുന്നതും പ്രാർത്ഥനചൊല്ലി ബലിപീഠം ചുംബിച്ച് ബലിപീഠത്തോട് വിടവാങ്ങി കുർബാന പൂർത്തിയാക്കുന്നതും (ഇപ്പോൾ മിക്കയിടത്തും എല്ലാവരും കൂടിയാണ് ഇതു ചൊല്ലുന്നത്). സഹകാർമ്മികരെല്ലാം കാർമ്മികനെ ബലിയർപ്പണത്തിൽ സഹായിച്ചുകൊണ്ട് ഏകജനമായി ആരാധനാസമൂഹം ബലിയർപ്പിക്കുന്നു.

Pin It

Comments are closed.