സഹകാർമ്മിക കുർബാന

ടുത്ത കാലത്ത് ഒരു വൈദികപരിശീലന കേന്ദ്രത്തിൽ ഒരു സമൂഹബലിയിൽ പങ്കുുചേരാൻ ഇടവന്നു. പ്രധാനകാർമ്മികനൊപ്പം അഞ്ച്imagesKD1OH2GN സഹകാർമ്മികരും മദ്ബഹായിൽ പ്രവേശിച്ചു. പ്രധാനകാർമ്മികൻ പ്രാർത്ഥനകളെല്ലാം സഹകാർമ്മികർക്കായി വീതിച്ചു നല്കി. ഒരു പ്രണാമജപം പോലും സ്വയം ഏറ്റെടുക്കാതെ അനാഫൊറ മുഴുവൻ സഹകാർമ്മികർക്കു പങ്കുവച്ചുകൊടുക്കാൻമാത്രം വിശാലഹൃദയനായിരുന്നു അദ്ദേഹം. ദോഷം പറയരുതല്ലോ, സ്ഥാപനവാക്യങ്ങളും റൂഹാക്ഷണപ്രാർത്ഥനയും അദ്ദേഹംതന്നെ ഏറ്റെടുത്തു. വി. കുർബാനയിൽ പ്രധാനകാർമ്മികന്റെ പ്രധാനപണി അൾത്താരയിലെ മൈക്ക് സഹകാർമ്മികർക്ക് മാറി മാറി തള്ളിക്കൊടുക്കുക എന്നതാണ് എന്നു ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു കർമ്മവിധികൾ..

      സഹകാർമ്മിക കുർബാന പലപ്പോഴും വിശ്വാസികൾക്കും വൈദികർക്കുതന്നെയും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല വൈദികരുള്ളപ്പോഴും പ്രധാനകാർമ്മികൻ കൂടെയുള്ളവരെ പരിഗണിക്കാതെ തനിക്കുവേണ്ടിത്തന്നെ പ്രാർത്ഥനാസഹായം ചോദിക്കുന്നതും വിശ്വാസികൾ സഹകാർമ്മികരെ ഒഴിവാക്കി അങ്ങേയ്ക്കുവേണ്ടി എന്നു പ്രാർത്ഥിക്കേണ്ടി വരുന്നതുമൊക്കെ അവർക്കു പലപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. അതിനാൽത്തന്നെ കാർമ്മികനും വിശ്വാസികളും പ്രാർത്ഥനയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. വി. കുർബാനയിൽ ഒരേ വേഷത്തിൽ ഒരേ സ്ഥലത്തു നില്ക്കുന്ന വൈദികർ തമ്മിലുള്ള വ്യത്യാസം വിശ്വാസികൾക്കു മനസിലാകുന്നില്ല.

       സഹകാർമ്മിക കുർബാനയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് മനസിലാക്കുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ് ഇതുപോലുള്ള കുറവുകൾ സംഭവിക്കുന്നത്. വി. കുർബാന സഭയുടെ കർമ്മമാണ്. വൈദികരും വിശ്വാസികളുമെല്ലാം ഉൾപ്പെടുന്ന സഭമുഴുവൻ ചേർന്നാണ് ബലിയർപ്പിക്കുന്നത്. അതേസമയം ആ സമൂഹത്തിന്റെ തലവനായി മിശിഹായുടെ സ്ഥാനത്തുനിന്ന് ബലിയർപ്പണത്തിനു നേതൃത്വം കൊടുക്കാൻ ഒരാളെ പ്രധാനകാർമ്മികനായി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. മിശിഹായുടെ ഒരേ പൌരോഹിത്യത്തിൽ പങ്കുചേരുന്ന പ്രധാന കാർമ്മികനും സഹകാർമ്മികരും ഒരേ ബലിതന്നെയാണ് അർപ്പിക്കുന്നത്. അവർ വി. കുർബാനയിൽ തങ്ങൾക്കേല്പിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ദൌത്യങ്ങൾ ഉചിതമായി ചെയ്തുകൊണ്ട് പൌരോഹിത്യകൂട്ടായ്മയെ പ്രകടമാക്കുകയാണ് സഹകാർമ്മിക കുർബാനയിൽ. വി. കുർബാനയിൽ പങ്കെടുക്കുന്ന ഓരോ ഗണത്തിനും പ്രത്യേക ദൌത്യങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. പ്രധാനകാർമ്മികനും സഹകാർമ്മികർക്കും ശുശ്രൂഷികൾക്കും ഗായകസംഘത്തിനും വിശ്വാസികൾക്കും പ്രത്യേകം പ്രത്യേകം നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദൌത്യങ്ങൾ അവർ കുറവുകൂടാതെ ചെയ്യുകയും മറ്റുള്ളവരുടെ ദൌത്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാം ക്രമമായിത്തീരുന്നത്. സജീവ പങ്കാളിത്തം എന്നു പറയുന്നത് മറ്റുള്ളവരുടെ ദൌത്യങ്ങൾ ഏറ്റെടുക്കുന്നതല്ല, മറിച്ച് സ്വന്തം ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി ചെയ്യുന്നതാണ്. ഏതു കർമ്മവും ആകർഷകവും അനുഭവവേദ്യവുമാകുന്നത് അത് ക്രമത്തിലും ചിട്ടയിലും നടക്കുമ്പോഴാണ്. ക്രമരഹിതമായ അവസ്ഥയാണ് കൂടുതൽ ആകർഷകവും  അനുഭൂതിദായകവുമെന്ന ഈ കാലഘട്ടത്തിന്റെ തലതിരിഞ്ഞ സിദ്ധാന്തത്തെ ആത്മീയ കർമ്മങ്ങളിലേക്കു സന്നിവേശിപ്പിക്കുന്നത് അപകടമാണ്.

          വി. കുർബാനയർപ്പിക്കാൻ യോഗ്യതയുള്ള എല്ലാ വൈദികർക്കും തുല്യ അവകാശമുണ്ടെങ്കിലും ഒരാളെ പ്രധാനകാർമ്മികനായി നിയോഗിച്ചു കഴിഞ്ഞാൽപിന്നെ അദ്ദേഹം ചെയ്യേണ്ട കർമ്മങ്ങളിൽ കൈകടത്തുന്നത് ഒട്ടും ഉചിതമല്ല. തങ്ങളുംകൂടി കൂടിയാലേ അദ്ദേഹം അർപ്പിക്കുന്ന കുർബാന പൂർണമാവുകയുള്ളു എന്ന ചിന്ത ശരിയല്ലല്ലോ. ആരാധനക്രമ വ്യാഖ്യാതാവായ ഗബ്രിയേൽ ഖത്രായ സഹകാർമ്മിക കുർബാനയെക്കുറിച്ചു പറയുമ്പോൾ പ്രധാന കാർമ്മികനെ പ്രധാന പുരോഹിതനായ ഈശോയുടെ സ്ഥാനത്തും സഹകാർമ്മികരെയും ഡീക്കന്മാരെയും രക്ഷാരഹസ്യങ്ങളുടെ പൂർത്തീകരണസമയത്ത് അവിടെ സന്നിഹിതരായിരുന്ന മാലാഖമാരുടെ സ്ഥാനത്തുമാണ് നിർത്തിയിരിക്കുന്നത്. കൂടാതെ നിരവധി ആരാധനക്രമ വ്യാഖ്യാതാക്കൾ പ്രധാനകാർമ്മികൻ മാത്രമാണ് മിശിഹായുടെ പ്രതിനിധിയായി മദ്ബഹായിൽ പ്രവേശിച്ച് അനാഫൊറയും അതിലെ കർമ്മങ്ങളും ചെയ്യുന്നത് എന്ന് വിശദീകരിച്ചിരിക്കുന്നു. പൌരസ്ത്യ സുറിയാനി സഭയിലെ ഈ പാരമ്പര്യത്തോട് ചേർന്ന് ഇന്നത്തെ സമൂഹബലിയിലും പ്രധാന കാർമ്മികന്റെ പ്രാധാന്യത്തെയും സഹകാർമ്മികരുടെ പങ്കാളിത്തത്തെയുംകുറിച്ച് വ്യക്തമായ ധാരണ എല്ലാവർക്കും ലഭിക്കത്തക്ക വിധത്തിൽ തിരുവസ്ത്രങ്ങളിലും നില്ക്കുന്ന സ്ഥലങ്ങളിലും എന്തെങ്കിലും വ്യത്യസ്തതയുണ്ടാകണമെന്നത് ആരാധനക്രമ പണ്ഡിതന്മാരുടെ ചർച്ചയിൽ വിഷയമാകേണ്ടതാണ്. ചരിത്രത്തിന്റെ ഗതിയിൽ വി.കുർബാനയർപ്പണത്തോട് ഒട്ടിച്ചേർന്ന ചില അനുചിതമായ ഘടകങ്ങൾ തിരിച്ചറിയാനും തിരുത്താനും പഠനങ്ങളിലൂടെയും ചർച്ചകളിലൂടെയും നമുക്കു കഴിയട്ടെ.

          എന്നാൽ അതുവരെയും സഹകാർമ്മിക കുർബാനയെ സംബന്ധിച്ച് സഭയുടെ ഔദ്യോഗിക തക്സായിൽ നല്കിയിരിക്കുന്ന നിർദ്ദേശങ്ങൾ എളിമയോടെ പാലിക്കാനും സഭയ്ക്കു വിധേയപ്പെട്ടു ജീവിക്കാനും നമുക്കു കഴിയണം. അതിനാൽ സമൂഹബലിയിൽ പങ്കെടുക്കുമ്പോൾ കുർബാനപുസ്തകത്തിലെ പ്രാർത്ഥനകൾ തിരുത്താൻ ശ്രമിക്കാതെ സഭയോടു ചേർന്ന് അവരവർക്കേല്പ്പിക്കപ്പെട്ടിരിക്കുന്ന കടമകൾ നന്നായി ചെയ്ത് സജീവപങ്കാളികളായിമാറി വി. കുർബാനയനുഭവത്തിലേക്കു പ്രവേശിക്കാൻ നമുക്കു തയ്യാറാകാം.

 

Pin It

Comments are closed.