മുത്തുകള്‍ പന്നികള്‍ക്കു മുന്‍പില്‍ വിതറാനുള്ളതല്ല

images5YSAGZB6Sense of Sacredness ഉണ്ടായിരിക്കുക എന്നത്‌ ഏതൊരു മതവിശ്വാസിയില്‍നിന്നും പ്രതീക്ഷിക്കുന്ന മിനിമം സ്വഭാവഗുണമാണ്‌. തന്റെ മതത്തില്‍ ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കളോടും സ്ഥലങ്ങളോടും പ്രതീകങ്ങളോടും ആദരവോടുകൂടിയ സമീപനം സ്വീകരിക്കുന്നതിന്‌ അവനെ അതു സഹായിക്കുന്നു. വിശുദ്ധമായവയെ പൂജ്യമായി കാണാനുള്ള ഈ കഴിവു നഷ്ടപ്പെട്ടു പോകുന്നവര്‍ക്കു പലപ്പോഴും മതജീവിതത്തിലെ പ്രതീകങ്ങളും വസ്തുക്കളുമൊക്കെ തങ്ങളുടെ വികടസരസ്വതിയാല്‍ അധിക്ഷേപിക്കപ്പെടാനുള്ള വസ്തുക്കളായി മാറുന്നു.

      സീറോ മലബാര്‍ സഭയില്‍ ഇപ്രകാരമുള്ള അവബോധം നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിവരികയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലങ്ങളില്‍ ഈമെയിലുകളായും കത്തുകളായും ലേഖനങ്ങളായും സോഷ്യല്‍ മീഡിയാകളിലും അല്ലാതെയുമൊക്കെ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കുറിപ്പുകളാണു ഇങ്ങനെയൊരു സംശയം ഉയരാന്‍ കാരണം. പ്രത്യേകിച്ചും സീറോ മലബാര്‍ സഭയിലെ ഒരു വിശുദ്ധ പ്രതീകമായ മാര്‍ത്തോമ്മാ സ്ലീവായെക്കുറിച്ചു വളരെ വികലവും വികൃതവുമായ ഭാഷയില്‍ കുറിക്കപ്പെട്ട ചില വരികള്‍ ഈ നാളുകളില്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. സ്വന്തം സമുദായം ഉപയോഗിക്കുന്ന വിശുദ്ധമായ വസ്തുക്കളെ ഇത്രയും പരിഹാസ്യമായ രീതിയില്‍ ആക്ഷേപിക്കുന്നവര്‍ സീറോ മലബാര്‍ സഭയിലല്ലാതെ മറ്റൊരു സഭാവിഭാഗത്തിലോ മറ്റേതെങ്കിലും മതങ്ങളിലോ ഉണ്ടാകാനിടയില്ല. കുറച്ചു നാളുകള്‍ക്കു മുന്‍പ്‌’ അഭി. മെത്രാന്മാരുള്‍പ്പെടെയുള്ളവരുടെ ഇന്‍ബോക്സുകളിലേക്കു വിദേശത്തുനിന്നും പറന്നുവന്ന ചില മെയിലുകള്‍ മാന്യതയുടേയും സഭ്യതയുടേയും എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. വിദേശത്തു പോയതുകൊണ്ടോ സായിപ്പിന്റെ വേഷം കെട്ടിയതുകൊണ്ടോ അവിടുത്തെ ഭാഷ സംസാരിച്ചതുകൊണ്ടോ സംസ്ക്കാരമുണ്ടാകില്ല എന്ന്‌ ആ ലേഖനകര്‍ത്താക്കള്‍ സ്വയം തെളിയിച്ചു.
        വളര്‍ന്നുകൊണ്ടിരിക്കുന്ന സഭയില്‍ ആശയ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്‌; അത്‌ ഒരു പരിധിവരെ നല്ലതുമാണ്‌. കൂടുതല്‍ ആഴത്തില്‍ പഠനങ്ങള്‍ നടത്തുന്നതിനും സംവാദങ്ങള്‍വഴി കൂടുതല്‍ ആശയവ്യക്തത നേടാനുമൊക്കെ അതു സഹായിക്കും. എന്നാല്‍ തന്റെ താല്‍പര്യത്തിനു യോജിക്കാത്തതിനെയെല്ലാം തികച്ചും നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിക്കുകയും വികലമായി അവതരിപ്പിക്കുകയും ചെയ്യുന്നത്‌ ഒരിക്കലും ഒരു യഥാര്‍ത്ഥവിശ്വാസിക്കു യോജിക്കുന്ന ഭാവമല്ല.
സീറോ മലബാര്‍ സഭയുടെ മുഖമുദ്രയായ മാര്‍ത്തോമ്മാസ്ലീവായാണ്‌  അടുത്ത കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെടുന്നത്‌. സഭയുടെ ആരാധനക്രമത്തില്‍ ഉപയോഗിക്കുന്നതും തിരുനാള്‍ ആചരിക്കുന്നതും എല്ലാ ആരാധനക്രമഗ്രന്ഥങ്ങളിലും പല ദൈവാലയങ്ങളിലും ഔദ്യോഗികമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുമായ ആ വിശുദ്ധപ്രതീകത്തെ ഇത്രയും അപഹാസ്യമായി അവതരിപ്പിക്കുന്നവര്‍ എത്ര ഗുരുതരമായ തിന്മയിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌ എന്നുചിന്തിക്കുന്നുണ്ടോ ആവോ!! ഇത്രയും ഗുരുതരമായ തെറ്റുകള്‍ സഭയില്‍ കാണുമ്പോഴും അതിനെ ഭക്ഷണമേശയിലെ ലഘുഭാഷണങ്ങളുടെ ഭാഗമാക്കിമാത്രം മാറ്റുകയാണ്‌  സഭയിലെ ഉത്തരവാദിത്വപ്പെട്ടവര്‍ പലരും. അതുതന്നെയാണ്‌ നമ്മുടെ സഭയുടെ ദുര്യോഗവും..
     പന്നികള്‍ക്കു മുമ്പില്‍ വിതറപ്പെട്ട മുത്തുകള്‍ പോലെയാകാനുള്ളതല്ല സഭയിലെ വിശുദ്ധ വസ്തുക്കളും പ്രതീകങ്ങളും. എല്ലാം ചവിട്ടിക്കൂട്ടാന്‍ പന്നിയുടെ മനസോടെ നില്‍ക്കുന്നവരെ കര്‍ശമായി നിയന്ത്രിക്കാന്‍ സഭാനേതൃത്വത്തിന്‌ കഴിയേണ്ടതാണ്‌.  ഈ പശ്ചാത്തലത്തില്‍ മാര്‍ത്തോമ്മാ സ്ലീവായെക്കുറിച്ചുള്ള ആഴമായ ഒരു പഠനം ഞങ്ങള്‍ പ്രസിദ്ധീരിക്കുകയാണ്‌. ആ പ്രതീകത്തിന്റെ  ചരിത്രവും പൗരാണികതയുമെല്ലാം വെളിവാക്കുന്ന ഈ പഠനം ഏവര്‍ക്കും ഉപകാരപ്രദമാകുമെന്ന്‌ കരുതട്ടെ. മാര്‍ത്തോമ്മാസ്ലീവായുടെ തിരുനാളിന്റെ പ്രാര്‍ത്ഥനാശംസകള്‍ ഏവര്‍ക്കും നേരുന്നു.

Pin It

Comments are closed.