ആരാധനക്രമഗ്രന്ഥങ്ങൾ സഭയുടെ സ്വന്തം

Special-Things-Used-in-Divine-Liturgy-270x270     “Liturgical texts are creations of human beings”. അടുത്ത കാലത്ത് സഭയുടെ നേതൃത്വത്തിലുള്ള ഒരു വ്യക്തിയിൽനിന്ന് ആവർത്തിച്ചുകേട്ട നിർഭാഗ്യകരമായ ഒരു വാചകമാണിത്. നിഷ്ക്കളങ്കമായി നോക്കിയാൽ തെറ്റൊന്നുമില്ലെന്നു തോന്നുന്ന ഈ വാചകത്തെ നിർഭാഗ്യകരമെന്നു വിശേഷിപ്പിക്കാൻ കാരണം അതു പറഞ്ഞ സാഹചര്യവും പശ്ചാത്തലവും മനസിലുള്ളതുകൊണ്ടാണ്. ചരിത്രത്തിന്റെ ഗതിയിൽ ആരാധനക്രമസംബന്ധമായ വളരെയധികം ദുരന്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന സഭയാണ് സീറോ മലബാർ സഭ. അതുകൊണ്ടുതന്നെ പഠനങ്ങൾക്കും ചർച്ചകൾക്കുമപ്പുറം തർക്കങ്ങൾക്കും വിവാദങ്ങൾക്കും സ്നേഹരഹിതമായ പ്രതികരണങ്ങൾക്കുമെല്ലാം വേദിയായിത്തീർന്നിട്ടുണ്ട് ആരാധനക്രമ ചർച്ചാവേദികൾ. തദ്ഫലമായി ആരാധനക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വളരെ ഗുരുതരമായ കുറവുകളും വന്നുചേർന്നിരിക്കുന്നു. സഭയുടെ ആരാധനക്രമത്തെക്കുറിച്ച് എന്തും പറയാനും അത് എങ്ങനെയും അനുഷ്ഠിക്കാനും ആർക്കും കഴിയുമെന്ന ദുരവസ്ഥയിൽ സഭ നിപതിച്ചിട്ട് കാലങ്ങളായി. മാർത്തോമ്മാ നസ്രാണി സഭയുടെ ചരിത്രത്തിൽ സംഭവിച്ച വൈദേശികാധിനിവേശത്തിന്റെ ബാക്കിപത്രമാണ് ഇവയൊക്കെ എന്നു സമാധാനിച്ച് മുന്നോട്ടു പോവുകയാണ് കരണീയമെന്നു പലരും കരുതുന്നു. കുറേയൊക്കെ അതു ശരിയാണുതാനും. എന്നാൽ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നതിനൊപ്പംതന്നെ ആരാധനക്രമത്തിന്റെ നിർമ്മലദർപ്പണത്തിൽ പറ്റിപ്പിടിച്ചതും ഒട്ടിച്ചുചേർത്തതുമായ പൊടിപടലങ്ങൾ തുടച്ചുമാറ്റാനുള്ള പരിശ്രമങ്ങൾ കർശനമായി തുടരുകയെന്നത് സഭയുടെ ദൌത്യമാണ്. കാരണം ആരാധനക്രമമാണ് സഭാംഗങ്ങളെ കർത്താവിന്റെ ആലയമായി, ദൈവത്തിന്റെ ആത്മീയവാസസ്ഥാനമായി അനുദിനം പടുത്തുയർത്തുന്നത് (SC 2). ഈ ബോദ്ധ്യത്തോടെ സഭയുടെ ആരാധനക്രമത്തെ അതർഹിക്കുന്ന ആദരവോടെയും വിശുദ്ധിയോടെയും സമീപിക്കുവാനും പഠിക്കുവാനും അനുഷ്ഠിക്കുവാനും ഏവർക്കും കടമയുണ്ട്. ഇപ്രകാരം ശരിയായ ഒരു മനോഭാവം എല്ലാവരിലും രൂപപ്പെടണമെങ്കിൽ ആരാധനക്രമം സഭയുടെതാണെന്നും സഭയിലെ അല്മായരും സമർപ്പിതരും വൈദികരും മെത്രാന്മാരുമെല്ലാം തങ്ങളുടെ വ്യത്യസ്തമായ ശുശ്രൂഷാപദവികൾവഴി അതിനെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള അടിസ്ഥാനബോദ്ധ്യത്തിലേയ്ക്ക് വളരുകയാണ് വേണ്ടത്. ആരാധനക്രമത്തെ വെറും മാനുഷികസൃഷ്ടിയായും മാനുഷികപ്രവൃത്തിയായുംമാത്രം കാണുന്ന അത്യന്തം അപകടകരമായ കാഴ്ചപ്പാടുകൾ സഭയുടെ നേതൃത്വത്തിലുള്ളവരിൽപോലുമുണ്ടാകുമ്പോൾ ദൈവശാസ്ത്രജ്ഞന്മാരും ആരാധനക്രമപണ്ഡിതരും അതു അടിയന്തിരമായി ചർച്ച ചെയ്തേ മതിയാകു.

         ‘സീറോ മലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം’ എന്നപേരിൽ സിനഡ് പ്രസിദ്ധീരിച്ച ഗ്രന്ഥത്തിന്റെ ഇരുപത്തൊമ്പതാം ഖണ്ഡികയിൽ രണ്ടാം വത്തിക്കാൻ കൌൺസിലിന്റെയും മറ്റു സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ ആരാധനക്രമത്തിനു നല്കിയിരിക്കുന്ന നിർവചനങ്ങളും വിശദീകരണങ്ങളും അതിന്റെ ശരിയായ ചൈതന്യം ഗ്രഹിക്കുവാൻ നമ്മെ സഹായിക്കും. ഇവിടെ സാംഗത്യമുള്ള ചില വാചകങ്ങൾ മാത്രം കുറിക്കട്ടെ. “മിശിഹായുടെ രക്ഷാകർമ്മം ക്രമാനുഷ്ഠാനവിധികളിലൂടെ സന്നിഹിതമാക്കുന്നതാണ് ആരാധനക്രമം…ആരാധനാസമൂഹത്തിന് രക്ഷാകരകൃത്യം പൂർണമായി അനുഭവവേദ്യമാക്കുന്നതും, തദ്വാര പാപമോചനവും രക്ഷയും പ്രദാനം ചെയ്യുന്നതുമായ പരിശുദ്ധമായ അനുഷ്ഠാനമാണിത്. ഇതിൽനിന്ന് ആരാധനക്രമം ഒരേസമയം ദൈവത്തിന്റെ പ്രവൃത്തിയും സഭയുടെ പ്രവൃത്തിയുമാണെന്നു വരുന്നു. ദൈവജനത്തിന്റെ വിശുദ്ധീരകണത്തിനുവേണ്ടി ദൈവം ചെയ്ത പ്രവൃത്തിയെ സഭ ദൈവത്തോടുചേർന്നു തുടരുകയാണിവിടെ. ഇതിൽ മാനുഷികഘടകങ്ങൾ പങ്കുചേരുന്നെങ്കിലും ഉറവിടം ദൈവമാണ്; ഫലം ദൈവികവുമാണ്.” രണ്ടാം വത്തിക്കാൻ കൌൺസിലിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയിൽ ഇപ്രകാരം കാണുന്നു: “ആരാധനക്രമത്തിലെ ഓരോ തിരുക്കർമ്മവും, പുരോഹിതനായ മിശിഹായുടെയും അവിടുത്തെ ശരീരമായ സഭയുടെയും പ്രവൃത്തിയാകയാൽ വിശുദ്ധവും ഉത്കൃഷ്ടവുമാണ്.” (SC. 7) വളരെ വ്യക്തമായ ഭാഷയിൽ സഭ പഠിപ്പിക്കുകയാണ് ആരാധനക്രമം വെറും മാനുഷികമായ സൃഷ്ടിയോ കർമ്മമോ അല്ലെന്ന്. ഒരേസമയം ദൈവത്തിന്റെയും സഭയുടെയും പ്രവൃത്തിയാണ് ആരാധനക്രമമെന്ന സഭയുടെ പ്രബോധനം വ്യക്തിപരമായ താല്പര്യങ്ങൾക്കും ചിന്തകൾക്കും അതീതമാണ് അതെന്ന ബോദ്ധ്യം മെത്രാന്മാർ മുതൽ അല്മായർവരെയുള്ള എല്ലാവർക്കും നല്കേണ്ടതാണ്.

     “ദൈവത്തിന്റെ പ്രവൃത്തിയിലുള്ള മനുഷ്യന്റെ പങ്കുചേരൽ” എന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ലിറ്റർജിക്കു നല്കുന്ന നിർവചനം (CCC 1069). ലോകത്തിന്റെ പാപമോചനത്തിനും രക്ഷയ്ക്കുംവേണ്ടി ദൈവം നിർവഹിച്ച രക്ഷാകരപദ്ധതിയുടെ ആഘോഷമെന്ന നിലയിലാണ് അതിനെ ദൈവത്തിന്റെ പ്രവർത്തിയിലുള്ള പങ്കുചേരലായി സഭ കാണുന്നത്. അതുകൊണ്ടുതന്നെ അതിന്റെ അടിസ്ഥാനം ദൈവികമാണ്. ലിറ്റർജിയുടെ ചൈതന്യമെന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ കാർഡിനൽ റാറ്റ്സിംഗർ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. ലിറ്റർജി ഒരു പ്രത്യേക ഗ്രൂപ്പോ ഏതെങ്കിലും ഒരു ഗണം ജനങ്ങളോ ഒരു പ്രത്യേക പ്രാദേശിക സഭപോലുമോ സംഘടിപ്പിക്കുന്ന ഒരു ആഘോഷമല്ല, മറിച്ച് മനുഷ്യകുലം മിശിഹായിലേയ്ക്കു നടത്തുന്ന യാത്രയും മിശിഹാ മനുഷ്യരിലേയ്ക്കു നടത്തുന്ന യാത്രയും കണ്ടുമുട്ടുന്ന ഇടമാണത്. ചുരുക്കത്തിൽ ദൈവവും മനുഷ്യരും ഒന്നുചേരുന്ന ആഘോഷമാണതെന്ന് മാർപ്പാപ്പ ചൂണ്ടിക്കാണിക്കുന്നു.

      ആരാധനക്രമത്തിൽ പരിവർത്തനാതീതമായ ദൈവസ്ഥാപിതഘടകങ്ങളും പരിവർത്തനവിധേയമായ ഘടകങ്ങളുമുണ്ടെന്ന സഭയുടെ പ്രബോധനം(SC. 21) മറന്നുകൊണ്ടല്ല ഈ കുറിപ്പുകൾ. വ്യതിയാനവിധേയമായ ഘടകങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവയുടെ ചരിത്രപരവും ദൈവശാസ്ത്രജന്യവുമായ പഠനങ്ങളുടെ പശ്ചാത്തലത്തിലാവണം അതെന്നു വത്തിക്കാൻ കൌൺസിൽ ആവശ്യപ്പെടുന്നു. ചുരുക്കത്തിൽ വളരെയേറെ ശ്രദ്ധയും പഠനവും പ്രാർത്ഥനയും പിൻബലമേകുമ്പോൾ മാത്രമാണ് ഈ വ്യതിയാനങ്ങൾ ആരാധനക്രമത്തിന്റെ ഘടനാപരമായ വളർച്ചയായിത്തീരുന്നത്. എന്നാൽ ആരാധനക്രമഗ്രന്ഥങ്ങളെ മാനുഷികസൃഷ്ടിയെന്ന വിശേഷണത്തിലേയ്ക്കൊതുക്കിയാൽ അതിന്റെ അനുഷ്ഠാനവിധികളും പ്രാർത്ഥനകളുമൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താൻ കഴിയുമെന്ന സാധ്യത തുറന്നുകിട്ടും. പക്ഷെ സഭയുടെ പാരമ്പര്യത്തിലൂടെ നൂറ്റാണ്ടുകൾക്കൊണ്ട് രൂപപ്പെട്ട ആരാധനക്രമഗ്രന്ഥങ്ങളെ മനുഷ്യസൃഷ്ടി എന്നു പറയുന്നത് എത്രമാത്രം ശരിയാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആദ്യനൂറ്റാണ്ടു മുതൽ സഭ പ്രാർത്ഥിച്ചും ആഘോഷിച്ചും രൂപപ്പെടുത്തിയ ആരാധനക്രമഗ്രന്ഥങ്ങൾ സഭയുടെ സ്വത്താണെന്നു പറയുന്നതാണ് കൂടുതൽ ശരി. ആരാധനക്രമഗ്രന്ഥങ്ങളിൽ ഗ്രന്ഥകർത്താവിന്റെ പേരിനു പകരം സഭയുടെ പേര് അച്ചടിക്കുന്നതും ഈ ചിന്തയിലാണല്ലോ. മാത്രമല്ല, നമ്മുടെ സഭയിലെ അനാഫൊറകൾ അറിയപ്പെടുന്നത് വിശുദ്ധരായ ചില പിതാക്കന്മാരുടെ പേരിലാണെങ്കിലും അതവർതന്നെ രചിച്ചതാണെന്ന് അതിനർത്ഥമില്ലെന്നു നമുക്കറിയാം. ചുരുക്കത്തിൽ വി. ബൈബിൾ പോലെതന്നെ ആരാധനക്രമഗ്രന്ഥങ്ങളും സഭയുടെ സ്വത്താണെന്നും ആരുടെയെങ്കിലും പ്രത്യേക താല്പര്യങ്ങൾക്കും ചിന്തകൾക്കുമനുസരിച്ച് മാറ്റിമറിക്കാൻ പാടില്ലാത്തതുമാണെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ രക്ഷാകരരഹസ്യങ്ങളുടെ ചരിത്രമായ വി. ബൈബിളിനെയും അതിന്റെ ആഘോഷമായ ആരാധനക്രമത്തെയും ഒരേ പ്രാധാന്യത്തോടെയും ഒരേ അന്തസോടെയും നോക്കിക്കാണാൻ കഴിയാത്ത നിർഭാഗ്യകരമായ അവസ്ഥയാണിന്നു സഭയിലുള്ളത്.

       മുമ്പു സഭയെ നയിച്ചിരുന്ന വിശുദ്ധരായ പിതാക്കന്മാർക്ക് ആരാധനക്രമത്തെക്കുറിച്ച് ആഴമായതും ശരിയായതുമായ ബോദ്ധ്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാകണം വിശുദ്ധഗ്രന്ഥം പോലെതന്നെ ആരാധനക്രമഗ്രന്ഥങ്ങളെയും വിശുദ്ധമായി പരിഗണിച്ചതും അവയിൽ കാതലായ മാറ്റങ്ങളൊന്നും വരുത്താതെ നൂറ്റാണ്ടുകൾ കാത്തു സൂക്ഷിച്ചതും. വിശുദ്ധ ഗ്രന്ഥത്തിന്റെ കാര്യത്തിലെന്നപോലെതന്നെ ആരാധനക്രമഗ്രന്ഥങ്ങളുടെ പരിഷ്കരണത്തിലും സ്വാർത്ഥചിന്തകളും സങ്കുചിതതാല്പര്യങ്ങളും പാടില്ലെന്ന ബോദ്ധ്യം അവരെ നയിച്ചിരുന്നു. ഈ ബോദ്ധ്യമായിരിക്കട്ടെ ഇന്നും സഭയെ നയിക്കുന്നവരുടെ ഹൃദയങ്ങളെ ഭരിക്കുന്നത്.

Pin It

Comments are closed.